ചിത്രം വലുതായി കാണുവാൻ, ദയവായി ചിത്രത്തിനു മുകളിൽ ക്ലിക്ക്‌ ചെയ്യുക.

Tuesday, 24 May 2011

ഫൈജോവ (FEIJOA)

ഇതൊരു പഴമാണ്‌. ഇതിന്റെ പേര്‌ ഇങ്ങനെ തന്നെയാണോ പറയേണ്ടത് എന്ന് സംശയമുണ്ട്. ഇപ്പോഴിതിന്റെ സീസൺ ആണിവിടെ (ഏപ്രിൽ-മേയ് മാസങ്ങൾ). ഇതേ കുറിച്ച് കുറച്ച് വിവരങ്ങൾ ശേഖരിക്കുവാൻ ശ്രമിച്ചു. ഇവൻ തെക്കമേരിക്കയിൽ നിന്നും വന്നവനാണ്‌. ഒരു പ്രത്യേക മണവും രുചിയും ഉണ്ടിവന്‌. പ്രത്യേക രുചി എന്നു പറഞ്ഞാൽ, ഇതിനു, ചുമയ്ക്കു നമ്മുടെ നാട്ടിൽ തരുന്ന ചില അലോപ്പതി മരുന്നിന്റെ രുചിയാണൊ എന്നു സംശയം തോന്നിയിട്ടുണ്ട്!. വലിയ ഉയരമുള്ള ഒരു ചെടിയല്ല ഇതിന്റേത്. അതു കൊണ്ട് തന്നെ ഇതു ഒരു വേലിയായും ഇവിടെ ചിലയിടത്ത് ഉപയോഗിച്ച് കണ്ടിട്ടുണ്ട്. നല്ല വിലയുള്ള ഒരു പഴമാണിത്. എന്റെ വീടിനടുത്ത് ഒരിടത്ത് ഇതു വളർന്നു നില്പ്പുണ്ട്. പഴങ്ങൾ കൊഴിഞ്ഞു വീണു കിടക്കുന്നതും കണ്ടിട്ടുണ്ട്. പക്ഷെ അതെല്ലാം വളരെ ചെറുതായിരുന്നു. ഈ ചിത്രങ്ങളിൽ കാണുന്നത് ഞാൻ ചന്തയിൽ നിന്നും ഏറ്റവും വലുതു നോക്കി വാങ്ങിച്ചതാണ്‌. ഇതാണെന്നു തോന്നുന്നു അതിനു വെയ്ക്കാവുന്നതിൽ ഏറ്റവും കൂടുതൽ വലുപ്പം. ഇതു കുറുകെ മുറിച്ച്, സ്പൂൺ ഉപയോഗിച്ച് ചൂഴ്ന്നെടുത്ത് കഴിക്കുകയാണ്‌ പതിവ്. ഇതിന്റെ ജ്യൂസ് കുപ്പികളിൽ വാങ്ങിക്കാനും കിട്ടും. ഇന്ത്യയിൽ ഈ പഴം ഞാൻ കണ്ടിട്ടില്ല. ചിലപ്പോൾ ഉണ്ടാവും (ഉണ്ടാവാതെ എങ്ങനെ?!). ഇതു മുറിച്ചു നോക്കിയാൽ ഉള്ളിൽ നിറയെ ‘സർക്ക്യൂട്ടുകൾ’ കാണാം. പ്രകൃതിയുടെ ഒരു ബോംബ് എന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. ഇതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് അറിവില്ല. ഈശ്വരന്റെ, ഗുണമില്ലത്ത ഒരു സൃഷ്ടിയും ഇതുവരെ മനുഷ്യനു കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ലല്ലോ..

കൂടുതൽ അറിയാൻ:
http://en.wikipedia.org/wiki/Acca_sellowiana
http://www.crfg.org/pubs/ff/feijoa.html

മഴയ്ക്കു ശേഷം

ശാന്തം


തലയ്ക്ക് തീ പിടിച്ചപ്പോൾ


മാനത്തൊരു പനിനീർ ചെടി


തണുത്ത വെളുപ്പാൻ കാലത്ത്

ഇന്നു രാവിലെ നല്ല പുകമഞ്ഞായിരുന്നു. പോകുന്ന വഴി സമീപമുള്ള തടാകത്തിലേക്ക് ഒരു മിന്നൽ സന്ദർശനം നടത്തി. പുക മഞ്ഞു കൊണ്ട് ഒന്നു തന്നെ ശരിക്കും കാണുവാൻ സാധിക്കുന്നില്ലായിരുന്നു. എങ്കിലും ആ അവ്യക്തതയ്ക്കും ഒരു ഭംഗിയുണ്ടായിരുന്നു. ഒരു വശ്യത. അവിടെ, അതിരുകളില്ലാത്ത തടാകത്തിലേക്ക് നീണ്ടു കിടന്ന തടി പാലത്തിൽ ഒരാൾ ചൂണ്ടയുമായി നിശ്ചലനായി നില്പ്പുണ്ടായിരുന്നു. പുകമഞ്ഞിൽ, ഏകാഗ്രതയുടെ ആൾ രൂപമായി..

Camera : Kodak C143

അറിയിപ്പ്:
കാഴ്ച്ചയ്ക്കൊ, നിങ്ങളുടെ കമ്പ്യൂട്ടറിനോ ഒരു തകരാറുമില്ല. പുകമഞ്ഞിൽ എടുത്ത ചിത്രങ്ങളായതു കൊണ്ട് മാത്രമാണ്‌ ചിത്രങ്ങൾ മങ്ങി കാണുന്നത്!

 
Monday, 23 May 2011

കൈറ്റ് സർഫിംഗ്

ഒന്നു രണ്ടു ആഴ്ച്ചകൾക്കു മുൻപ് ടക്കാപൂന ബീച്ചിൽ വലിയ പട്ടങ്ങൾ കണ്ടു ചെന്നു നോക്കുമ്പോൾ, അവിടെ ചിലർ Kite Surfing(aka Kite Boarding) നടത്തുന്നതു കണ്ടു. വെള്ളത്തിനു മുകളിൽ കൂടി ഒരു ബോർഡിൽ നിന്നു കൊണ്ട് പോകുന്നതിനെയാണ്‌ സർഫിംഗ് അന്നു പറയുന്നത്. Board surfing, Wind surfing, Body surfing എന്നിങ്ങനെ പലതരത്തിലുള്ള സർഫിംഗ് ഉണ്ട്. Kite surfing എന്നത് ഒരു പട്ടത്തിന്റെ സഹായത്തോടെ വെള്ളത്തിനു മുകളിൽ കൂടി തെന്നി പോകുന്നതിനേയാണ്‌. ആവശ്യത്തിനു കാറ്റും, തെന്നി നീങ്ങുന്നതിലുള്ള വൈദഗ്ദ്യവും, ആരോഗ്യവും വേണമെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. തെന്നി നീങ്ങുന്നതിനോടൊപ്പം അവരിൽ ചിലർ ചില അഭ്യാസങ്ങളും കാട്ടുന്നതു കാണാമായിരുന്നു. കടൽ വല്ലാതെ ക്ഷോഭിച്ചു കാണപ്പെട്ടു. ഇതെന്താ ഇങ്ങനെ ? എന്നോർക്കുകയും ചെയ്തു. പിറ്റേ ദിവസം ഒരു ചുഴലിക്കാറ്റ് തൊട്ടടുത്തുള്ള സ്ഥലത്ത് വന്ന് നാശ നഷ്ടങ്ങളുണ്ടാക്കിയപ്പോൾ മനസ്സിലായി, കടൽ ക്ഷോഭം ഒരു മുന്നറിയിപ്പായിരുന്നു എന്ന്..

ഞാനെടുത്ത ചില Kite surfing ഫോട്ടൊകൾ.
Camera : Kodak C143

മുൻകൂർ ജാമ്യം:
ഫോട്ടോ എടുക്കുന്നതിനിടയിൽ വെളിച്ചം നന്നേ കുറയുകയും, മഴ പെയ്തു തുടങ്ങുകയും ചെയ്തു :(
അതു കൊണ്ട് തന്നെ പല നല്ല ഷോട്ടുകളും എടുക്കാൻ കഴിഞ്ഞില്ല. Kite surfing നെ കുറിച്ച് യൂടൂബിൽ കണ്ട ഒരു വീഡിയോ ഇവിടെ കാണാം (ഈ വീഡിയോ ഞാനെടുത്തതല്ല)

Tuesday, 3 May 2011

പുപുക്കി തടാകം

ഞാൻ താമസിക്കുന്നത്‌ ഓൿലൻഡിലെ ടക്കാപുന (Takapuna) എന്നൊരു സ്ഥലത്താണ്‌.
ടക്കാപൂനയ്ക്ക്‌ വളരെ അടുത്തായി (നടക്കുകയാണെങ്കിൽ പത്ത്‌ മിനിട്ട്‌) ഒരു തടാകമുണ്ട്‌. പുപുക്കി (Lake Pupuke) എന്നാണ്‌ പേര്‌. (ചിലർ പുപുക്കെ എന്നും പറയുന്നത്‌ കേട്ടിട്ടുണ്ട്‌). 64 മീറ്റർ ആണിതിന്റെ ആഴം. പുപുക്കെ എന്ന പേർ 'Pupukemoana' എന്ന മവോറി (Maori) എന്ന വാക്കിൽ നിന്നും വന്നതാണ്‌. (മലയാളത്തിൽ അതിന്റെ അർത്ഥം 'കവിഞ്ഞൊഴുകുന്ന തടാകം' എന്നു പറയാം). ഇനി ഒരു രഹസ്യം കൂടി. ഇതു ഒരു അഗ്നിപർവ്വതം ആയിരുന്നു!. ഓൿലാൻഡിലെ പഴക്കം ചെന്ന അഗ്നിപർവ്വതങ്ങളിൽ ഒന്ന് (പഴക്കം ഏകദേശം 1,50,000 വർഷങ്ങൾ!!). ഇവിടെ ഇപ്പോഴും ആൾക്കാർ നീന്തുവാനും, വള്ളം തുഴയുവാനും വരാറുണ്ട്‌. ചില ദിവസങ്ങളിൽ മുങ്ങൽ വിദഗ്ദരേയും (Divers) കാണാം.

രണ്ട്‌ ദിവസങ്ങളിൽ എടുത്ത ചിത്രങ്ങളാണ്‌. അതു കൊണ്ട്‌ ഒരേ സ്ഥലത്തിന്റെ രണ്ടു വ്യത്യസ്ത ഭാവങ്ങൾ കാണുവാൻ സാധിക്കും.
Camera : KODAK C143


          തടാകം ദൂരെ നിന്നും കാണുമ്പോൾ

 
   കുറച്ചു കൂടി അടുത്തു ചെല്ലുമ്പോൾ!


തടാകത്തിലേക്കുള്ള നടപ്പാത


ചിലപ്പോൾ ഇവർ നടപ്പാതയ്ക്കരികിൽ വിശ്രമിക്കുന്നതു കാണാം.

ചിലർ വെയിലിലായിരിക്കും!

താടകത്തിനഭിമുഖമായി ബെഞ്ചുകൾ ഇട്ടിരിക്കുന്നത്‌ കാണാം.


ബെഞ്ചിലിരുന്ന് തടാകത്തിലേക്ക്‌ നോക്കിയിരിക്കുന്നവർ സ്വപ്നലോകത്തായിരിക്കും.


ചില സമയങ്ങളിൽ സന്ദർശകൾ പുൽത്തകിടിയിൽ ഇരിക്കുവാൻ ഇഷ്ടപ്പെടുന്നു.
 

സമീപമൊരു മൈതാനമുണ്ട്‌.

ഇതാണ്‌ പമ്പ്‌ ഹൗസ്‌ 


വെയിൽ വീഴുമ്പോൾ..


ഇതിലപ്പുറം പറയേണ്ട കാര്യമുണ്ടോ?


തൊട്ടടുത്തുള്ള ഒരു തിയേറ്റർ. ഇവിടെ നാടകങ്ങൾ ആണു മിക്കപ്പോഴും ഉണ്ടാവുക. അതും ഷേക്സ്പീയർ നാടകങ്ങൾ (അതിന്റെ ചിത്രങ്ങൾ മറ്റൊരു അവസരത്തിൽ).


തിയേറ്റർ
ഇവർ ടിക്കറ്റെടുക്കാതെ നാടകം കാണുവാൻ ഇഷ്ടപ്പെടുന്നവരാണ്‌!

 മുത്തശ്ശനാണോ, മുത്തശ്ശിയാണോ എന്നറിയില്ല. എന്നാൽ എല്ലാത്തിനും സാക്ഷിയായി ഇവിടുണ്ട്‌.
ഇനി തടാകത്തിലേക്ക്‌..


 വൈകുന്നേരങ്ങളിൽ, യുവത്വം ഇവിടെ നീന്തി തുടിക്കും, വെള്ളം ചിതറിച്ച്‌ രസിക്കും..
 താറാവുകളും, മറ്റു പക്ഷികളും (ക്ഷമിക്കുക, പേരുകൾ അറിയില്ല) സദാ സമയവും ഇവിടെ ഉണ്ടാവും. ചിലപ്പോൾ ഇവിടെ വരുന്നവർ അവയ്ക്ക്‌ ബ്രഡ്‌ ഇട്ടു കൊടുക്കാറുണ്ട്‌ (അങ്ങനെ ചെയ്യരുതെന്ന് ഒരു ബോർഡ്‌ ഉണ്ടെങ്കിൽ കൂടിയും). മിക്കപ്പോഴും കൊച്ചു കുട്ടികളാണ്‌ ബ്രഡുമായി വരിക. 


ചില ചിത്രങ്ങൾക്ക്‌ അടിക്കുറിപ്പ്‌ ചേർക്കാത്തത്‌ മനപ്പൂർവ്വമാണ്‌. 
ആ ചിത്രങ്ങൾ തന്നെ സംസാരിക്കും എന്നു തോന്നി.